നിലാ വെളിച്ചത്തിൽ ഒഴുകിയ സംഗീതം



ള്ളിവയൽ മസ്ജിദിൽ നിന്നുള്ള മൈക്കിലൂടെ മഗ്‌രിബ് ബാങ്കിൻറെ വചനങ്ങൾ ഒഴുകി വരുന്നു. ചന്ദ്രഗിരി കോട്ടയുടെ അകത്തളത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന പരിസരത്തെ കുട്ടികൾ ഇനി ബാക്കി കളി നാളെയാണെന്ന് പ്രഖ്യാപിച്ച് പള്ളിയിലേക്ക് ഓടി. മഗ്‌രിബ് ബാങ്കിന് മുമ്പ് തന്നെ പള്ളിയിൽ എത്തിചേരണമെന്ന് വീട്ടിൽ നിന്നും കുട്ടികൾക്ക് കർശന നിർദേശമുണ്ട്. അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന് ആദ്യ സമയത്ത് തന്നെ മഗ്‌രിബ് നിസ്കരിക്കുക. ചന്ദ്രഗിരി കോട്ടയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ എന്തോ നിഗൂഢത ചുറ്റിത്തിരിയുന്നുണ്ട് എന്ന ഭയമാണ് രണ്ടാമത്തെ കാരണം. രാത്രീ കാലങ്ങളിൽ ആ പരിസരം നിശബ്ദമാണ്. ഇടയ്ക്ക് ചിലങ്കയുടെയും, സ്ത്രീകളുടെ പൊട്ടിച്ചിരിയുടെയും, അട്ടഹാസങ്ങളുടെയും ശബ്ദങ്ങൾ കേൾക്കാറുണ്ട് എന്ന് പറയുന്നു. കോട്ടയുടെ മുകളിൽ നിന്നും ചിലപ്പോൾ ചെറിയ കല്ലുകൾ താഴേക്ക് പറന്ന് വരും. സന്ധ്യാ നേരം മുതൽ പുലർച്ചെ വരെ കോട്ട റോഡിലൂടെ ആരും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. കൂട്ടമായി പോകുന്ന മുതിർന്നവർ ആ ഭാഗത്ത് എത്തിയാൽ പിന്നെ പരസ്പരം ഒന്നും സംസാരിക്കാറില്ല. മന്ത്രങ്ങളും, പ്രാർത്ഥനയുമായി കടന്ന് പോകും.  അപ്പോൾ ചെറിയ അനക്കം എവിടുന്നെങ്കിലും കേട്ടാൽ അതുവരെ അവർ സംഭരിച്ച എല്ലാ ധൈര്യവും ചോർന്ന് പോയിട്ടുണ്ടാവും. പിന്നെ ഒന്നും നോക്കാറില്ല, കൂട്ടയോട്ടം തന്നെ. ഓട്ടത്തിൽ വീണ് പരിക്കേറ്റ് വീടണഞ്ഞാൽ വീട്ടിൽ നിന്നും ഉമ്മയുടെ ശകാരം കൂടി കേൾക്കണം. അസമയത്ത് ആ വഴിയിലൂടെ വന്നതിന്.  

അന്നും പതിവ് പോലെ കോട്ടയിൽ കളിച്ചിരുന്ന കുട്ടികൾ സന്ധ്യാ നേരത്ത് കളി നിർത്തി പോയതാണ്. അതുവരെ സാധാരണ പോലെ തന്നെയായിരുന്നു. പിറ്റേന്ന് പുലർച്ചെ പള്ളിയിൽ നിസ്കാരത്തിന് എത്തിയവരോട് പള്ളി മുക്രി പറയുന്നു രാത്രിയിൽ കോട്ടയിൽ നിന്നും എന്തൊക്കെ അപശബ്ദങ്ങൾ കേട്ടിരുന്നു എന്ന്. അത് പതിവുള്ളതെല്ലേ എന്ന് പറഞ്ഞ് പ്രായമുള്ളവർ അതിനെ നിസ്സാരവൽക്കരിച്ചു. പക്ഷെ, മുക്രി വിടുന്നില്ല. ഇന്നലെ കേട്ടത് പതിവ് പോലുള്ള സ്ത്രീകളുടെ പൊട്ടിച്ചിരിയും, ചിലങ്ക ശബ്ദവുമായിരുന്നില്ല. ഹുന്ദുസ്ഥാനി സംഗീതവും, ഹാർമോണിയം എല്ലാം ഉണ്ടായിരുന്നു. ഏതോ സംഗീതത്തിൽ ലയിച്ച പോലെ മുക്രി ഉരുവിട്ടു. "ആ, അത് പണ്ട്, ഒരു ഗായിക അവിടെ ആത്മഹത്യ ചെയ്തിരുന്നു. അവളുടെ ആത്മാവ് വന്ന് അവിടെ കച്ചേരി നടത്തിയതാവും...." നിങ്ങൾ എന്ത് മൊയിലാരെ ഈ പറയുന്നേ....., പോയി രാവിലത്തെ ചായ കുടി, അപ്പോൾ ശരിയാവും എന്ന് പറഞ്ഞ് പ്രായം കൂടിയ മൂസക്ക സ്ഥലം വിട്ടു. മൂസക്ക സ്ഥലം വിട്ടിട്ടും ബാക്കിയുള്ളവരോട് മുക്രി ഇക്കാര്യം തന്നെ പറഞ്ഞു. ആരും കൂടുതൽ ചെവികൊടുക്കാതെ എല്ലാവരും സ്ഥലം വിട്ടു. നാട്ടുകാർക്ക് ഇത് ഒരു വിഷയമല്ലെങ്കിൽ അന്യ നാട്ടുകാരനായ എനിക്കെന്ത് കാര്യം. എന്തേലും ആവട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തൻറെ റൂമിലേക്ക് പോയി.  

അന്ന് സന്ധ്യാ നേരത്ത് മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് പതിവ് പോലെ ചിലരൊക്ക പള്ളി പരിസരത്ത് അന്നത്തെ ഓരോരൊ വാർത്തകളും, സംഗതികളും ചർച്ച ചെയ്‌തു തമ്പടിച്ചു. ഇഷാ നിസ്കാരം വരെ പലർക്കും അത് പതിവാണ്. രാവിലെ പള്ളിയിൽ വരാത്തവർ മുക്രി രാവിലെ വിളമ്പിയ വിശേഷങ്ങൾ കേട്ടറിഞ്ഞിരുന്നു. കോട്ടയിൽ നിന്നും കളി കഴിഞ്ഞ് വന്ന കുട്ടികളോട് അവിടെ അസാധാരണമായ എന്തെങ്കിലും ഉണ്ടോ എന്ന് ആരാഞ്ഞു. ഒരു കുട്ടി വളരെ കൗതുകത്തോടെ ഇങ്ങനെ പറഞ്ഞു. തുണി സഞ്ചിയുടെ വലിയൊരു ഭാണ്ഡം അവിടെ കിടപ്പുണ്ട്. ഒരു കാലി ബക്കറ്റും, പാട്ടയും ഉണ്ടായിരുന്നു. പിന്നെന്തോ പലഹാരങ്ങളുടെ അവശിഷ്ട്ടങ്ങൾ അവിടവിടായി കിടപ്പുണ്ട്. മുമ്പ് പലപ്പോഴും ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാവാറുണ്ട്. ഇത് അങ്ങനെയല്ല. അത് കൊണ്ട് ഞങ്ങൾക്കെന്തോ പേടി തോന്നിയത് കാരണം നേരത്തെ കളി നിർത്തി താഴോട്ടേക്ക് വന്നു. അതോടെ തലേന്ന് രാത്രിയിൽ കോട്ടയിൽ നിന്നും കേട്ടു എന്ന് മുക്രി പറഞ്ഞ സംഗീതം ആ പരിസരം മുഴുവൻ ചർച്ചാ വിഷയമായി. ഇഷാ നിസ്കാരം കഴിഞ്ഞ് എല്ലാവരും പിരിയാൻ നേരത്ത് "അതൊക്കെ വെറുതെ തോന്നുന്നതാവും പുള്ളറെ, ബീയം പോരക്ക് പോയി കഞ്ഞി കുടിച്ച് ഉറങ്ങാൻ നോക്ക്" എന്നും പറഞ്ഞ് നീളം കൂടിയ ടോർച്ചിൻറെ തിരിച്ചിട്ട ബാറ്ററി നേരെയാക്കി അതും മിന്നിച്ച് മൂസക്ക വയൽ വരമ്പിലൂടെ നടന്നകന്നു. പിന്നെ ഓരോരുത്തരായി എല്ലാരും പിരിഞ്ഞ് പോയി. ഭയാശങ്കയോടെ എന്തൊക്കെ ഓതിയും, മന്ത്രിച്ചും മുക്രി തൻറെ റൂമിൽ കയറി കതകടച്ചു.

പിറ്റേന്ന് രാവിലും മുക്രി പറഞ്ഞ ഹിന്ദുസ്ഥാനി സംഗീതം ആ പ്രദേശത്തെ രാവിൻറെ നിശബ്ദദ മുറിച്ച് ഒഴുകി വന്നു. ആസ്വാദകരമായ ഒരു സ്ത്രീ ശബ്ദം. പണ്ടെങ്ങോ കേട്ട് പരിചയമുള്ള സ്വരഭംഗിയെന്ന് ചിലർ ആത്മഗതം ചെയ്തു. രാവിലെ മുതൽ പരിസരത്തെ എല്ലാവരുടെയും സംസാര വിഷയം ഇത് തന്നെയായിരുന്നു. സുബഹി നിസ്കാരത്തിന് പള്ളിയിലേക്ക് വന്ന അലിയും കൂട്ടുകാരും നേരം കുറച്ച് വെളുത്താൽ അങ്ങോട്ട് കയറി ചെന്ന് നോക്കാം എന്ന് പറഞ്ഞു കാത്തിരുന്നു. സൂര്യൻ ഉദിച്ച് വരുന്നു. പരിസരത്ത് ചെറിയ വെളിച്ചം വീശി തുടങ്ങി. അലിയും കൂട്ടരും ധൈര്യം സംഭരിച്ച് കോട്ടയുടെ അകത്തേക്ക് ചെന്നു. കോട്ടക്ക് അകത്തെ വിശാലമായ പുൽപ്പരുപ്പിൽ മതിലിനോട് ചേർന്ന് നീണ്ട താണ്ടിയുള്ള ഒരു വയോധികൻ ഏതോ ഒരു പുസ്തകം വായിക്കുന്നുണ്ട്. തൊട്ടടുത്ത് വിരിച്ച പായയിൽ സുന്ദരിയായ ഒരു യുവതി മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. ഹാർമോണിയവും, വിരിപ്പും, പുതപ്പുമെല്ലാം അവിടവിടായി ചിതറിക്കിടക്കുന്നു. അലിയും കൂട്ടരും ആ വൃദ്ധൻറെ അടുത്തേക്ക് നടന്നു നീങ്ങി. ആളുകളുടെ കാലനക്കം കേട്ടത് കൊണ്ടാവണം ഉറങ്ങുകയായിരുന്ന യുവതി ഞെട്ടി എണീറ്റു. അപരിചിതരായ ചില മുഖങ്ങൾ അടുത്തേക്ക് വരുന്നതിൽ അസ്വസ്ഥത പൂണ്ട അവൾ കുറച്ച് അപ്പുറത്തുള്ള കൽതൂണുകൾക്കിടയിൽ മറഞ്ഞ് നിന്നു.

അലിയും കൂട്ടരും സലാം പറഞ്ഞ് വൃദ്ധൻറെ സമീപത്തിരുന്നു. വൃദ്ധൻ തൻറെ വായന നിർത്തി വന്നവരോട് മുറി മലയാളത്തിൽ ചോദിച്ചു "ആരാ....?, മനസ്സിലായില്ല ...." ഞങ്ങൾ ഈ നാട്ടുകാരാണ്, നിങ്ങളെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ....?  ആരാണ് നിങ്ങൾ...? എവിടന്ന് വരുന്നു.....? ചോദ്യങ്ങൾക്കിടയിൽ കൂട്ടത്തിലെ പലരും ഒളിക്കണ്ണാലെ തൂണിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സുന്ദരിയായ യുവതിയെ നോക്കുന്നുണ്ടായിരുന്നു. ചോദ്യങ്ങൾ കേട്ട് കുറെ നേരം ഒന്നും മിണ്ടാതെ വയോധികൻ ദൂരേക്ക് നോക്കി ചിന്തിച്ചിരുന്നു..... പിന്നെ തൻറെ വെളുത്ത നീണ്ട താടി തടവിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ഉർദുവും മലയാളവും കലർത്തി സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ ബംഗാളിലെ മുർശിദാബാദിൽ നിന്നുള്ളവരാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് ഞാനും എൻറെ മകൾ ഹസീന ബീഗവും ബോംബെയിൽ ചെറിയ ഗാനമേളകളും, നൃത്തങ്ങളും അവതരിപ്പിച്ച് ഉപജീവനം നടത്തിയിരുന്നു. ആ ഇടയ്ക്ക് ഒരു പരിപാടിയിൽ വെച്ച് ബോംബെയിൽ ജോലി ചെയ്തിരുന്ന അബു എന്ന ഒരു മലയാളിയെ പരിചയപ്പെട്ടു. ആ പരിചയം എൻറെ മകളുമായി പ്രണയ ബദ്ധരാവുകയും പിന്നീട് അവർ വിവാഹം ചെയ്തു. വിവാഹ ശേഷം ഹസീന ബീഗവും അബുവും ഒന്നിച്ച് താമസിക്കാനുള്ള സൗകര്യം ഇല്ലായിരുന്നു. അബുവിന് ബോംബെയിൽ ചെറിയ വരുമാനമുള്ള ജോലിയായിരുന്നു. അബു ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ താമസിച്ചിരുന്ന ഇടുങ്ങിയ മുറിയിലേക്ക് വരുമായിരുന്നു. പിന്നീട് ഗൾഫിലേക്ക് അടുത്ത് തന്നെ പോകുമെന്നും ഉടനെ ഹസീനയെ കൂടി അങ്ങോട്ട് കൊണ്ട് പോകുമെന്ന് പറഞ്ഞ് ഒരു ഞായറാഴ്‌ച യാത്ര പറഞ്ഞ് ഇറങ്ങിയതായിരുന്നു. അപ്പോൾ എൻറെ മകൾ ഹസീന ബീഗം ഗർഭിണിയായിരുന്നു. വയോധികൻ ഒന്ന് നെടുവീർപ്പിട്ടു. ഇപ്പോൾ വർഷം ഇരുപത്തിയഞ്ച് കഴിഞ്ഞു. അന്ന് യാത്ര പറഞ്ഞിറങ്ങിയ അബുവിനെ പിന്നീട് ഇതവരെ കണ്ടില്ല. പിന്നീട് മകൾ ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു. കുറെ കാലം അബുവിനെ കാത്ത് ഞങ്ങൾ ബോംബെയിൽ തന്നെ കഴിഞ്ഞു. അബു കുഞ്ഞിനെ കാണാനെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു. ഭർത്താവിന് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ് അവൾക്ക് ഒരുതരം വിഷാദ രോഗം പിടിപെട്ടു. പിന്നെ മകൾക്ക് പാടാനോ, നൃത്തം ചെയ്യാനോ വയ്യാതെ വന്നു. ബോംബെയിൽ ജീവിക്കാൻ ഞങ്ങൾക്ക് മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെയായി. അബു തൻറെ ഭാര്യയേയും കുഞ്ഞിനേയും കാണാൻ വരുമെന്ന പ്രതീക്ഷയും അസ്തമിച്ചപ്പോൾ ഞങ്ങൾ ബംഗാളിലേക്ക് തന്നെ തിരിച്ച് പോയി. കുട്ടിക്ക് പത്ത് വയസ് ആയപ്പോൾ മകൾ ഞങ്ങളെ വിട്ട് പിരിഞ്ഞു. ഇപ്പോൾ അവൾക്ക് വയസ് ഇരുപത്തിനാല്. പേര് സറീന ബീഗം. ഉമ്മയെ പോലെ തന്നെ നന്നായി പാടും, നൃത്തം ചെയ്യും. ഇപ്പോൾ കുറച്ച് കാലമായി കേരളത്തിലെ തെരുവുകളിൽ പരിപാടികൾ നടത്തി ഞങ്ങൾ ഉപജീവനം നടത്തുന്നു. 
വയോധികൻറെ സംസാരം കേട്ടിരുന്ന അലിയുടെയും കൂട്ടരുടെയും ചിന്ത അബുവിലേക്കായി. ആരായിരിക്കും അബു...... ഒന്നും മനസ്സിലാവാതെ അവർ വയോധികനോട് ചോദിച്ചു നിങ്ങൾ എങ്ങിനെ ഇവിടെ എത്തപ്പെട്ടു. ഇവിടം വരെ വരാൻ എന്താണ് കാരണം...? തൻറെ നരച്ച താടി തടവിക്കൊണ്ട് വയോധികൻ തുടർന്നു. എനിക്ക് പ്രായം ഏറി വരുന്നു. പഴയ പോലെ ഹാർമോണിയം വായിക്കാനോ തൂക്കി നടക്കാനോ ഒന്നും ആരോഗ്യമില്ല. ഞാൻ മരിക്കുന്നതിന് മുമ്പ് കൊച്ചു മകളെ അവളുടെ പിതാവിനെ ഏൽപ്പിക്കണം. ഞാനും കൂടി പോയാൽ പിന്നെ അവൾക്ക് ഈ ലോകത്ത് വേറെ ആരുമില്ലാതാവും. അങ്ങനെ അബുവിനെ തേടിയാണ് ഈ യാത്ര. അബുവിൻറെ ശരിക്കുള്ള മേൽവിലാസം ഒന്നും അറിയില്ല. കേരളത്തിൽ കാസറഗോഡ് ഏതോ പുഴക്കടവിലാണ് വീട് എന്നൊക്കെ അന്ന് പറഞ്ഞിരുന്നു. ഇവിടത്തെ തെരുവുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ കൂടി വരുന്ന ആളുകൾക്കിടയിൽ ഞാൻ അബുവിനെ തേടും. എനിക്ക് കണ്ടാൽ അറിയാം. ആ മുഖം ഞാൻ ഒരിക്കലും മറക്കില്ല. അബുവിനെ കണ്ടെത്താൻ നിങ്ങൾ സഹായിക്കണം എന്ന യാചനാ സ്വരത്തിൽ വയോധികൻ അഭ്യർത്ഥിച്ചു. അബുവിൻറെ ഫോട്ടോയോ മറ്റോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലാ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അബു അന്ന് വെളുത്ത നല്ല സുമുഖനായിരുന്നു എന്ന് വയോധികൻ കൂട്ടിച്ചേർത്തു.  

വയോധികൻറെ സംസാരം കേട്ട അലിയും കൂട്ടരും ആകെ പരിഭ്രമത്തിലായി. എന്ത് മറുപടി പറയണം...? ആരാണ് ഈ അബു.....? നമ്മുടെ നാട്ടിൽ അങ്ങനെ ഒരു അബു ഇല്ല. ഫോട്ടോയോ ഒന്നും അവരുടെ പക്കലില്ല. മുൻ കാലത്ത് ജോലി അന്വേഷിച്ച് ഈ പ്രദേശത്തുകാർ കൂടുതലും ബോംബെയിലേക്കാണ് ആദ്യം യാത്ര ചെയ്യാറ്. ചിലപ്പോൾ അബുവിൻറെ ശരിക്കും പേര് അതായിരിക്കുമോ....? പറഞ്ഞ വിലാസം ശരിയായിരിക്കുമോ......? സ്വയം ചോദ്യങ്ങൾ ചോദിച്ച് അലിയും കൂട്ടരും എണീറ്റ് തുടങ്ങി. സമയം എട്ടു മണിയോട് അടുക്കുന്നു. വെയിൽ രശ്മികൾ ആകെ പരന്ന് തുടങ്ങി. വെയിലേറ്റ് വയോധികൻറെ വെളുത്ത താടി രോമങ്ങൾ വെട്ടിത്തിളങ്ങുന്നു. അലിയും കൂട്ടരും ആകാംഷയോടെ ഒരു നോക്ക് കാണാൻ കാത്തിരുന്ന സറീന ബീഗം എന്ന സുന്ദരി അപ്പോളും കൽ തൂണുകൾക്ക് പിറകിൽ തന്നെ മറഞ്ഞിരിക്കുന്നു. വയോധികനോട് നമുക്ക് ശ്രമിക്കാം എന്ന് ഒരു ഔപചാരിതയ്ക്ക് വേണ്ടി പറഞ്ഞ് അലിയും കൂട്ടരും താഴോട്ടിറങ്ങി. 

വൈകുന്നേരത്തോട് കൂടി പള്ളിവയൽ പ്രദേശം ആകെ വയോധികനും, ആ സുന്ദരിയും പിന്നെ അബുവും സംസാര വിഷയമായി. അബു ആരായിരിക്കും എന്നത്തിലാണ് കൂടുതൽ പേർക്കും താൽപര്യം. മുമ്പ് ബോംബെയിൽ ഉണ്ടായിരുന്ന ഇപ്പോൾ ഗൾഫിലും, നാട്ടിലുമുള്ള ചിലരുടെ പേരുകൾ അബുവുമായി സാമ്യപ്പെടുത്തി നോക്കുവാൻ പലരും ശ്രമിച്ചു. നാട്ടിലെ സ്ത്രീകൾക്കാണ് ഈ വിഷയത്തിൽ കൂടുതൽ താൽപര്യം. ചിലർ കോട്ടയ്ക്കകത്ത് കയറി ആ സുന്ദരിയെ കാണുവാൻ ശ്രമിച്ചു. അപ്പോളേക്കും വയോധികൻ ഹാർമോണിയം തൂക്കി സറീന ബീഗത്തെയും കൂട്ടി അന്നത്തെ കലാപരിപാടികൾക്കായി തെരുവിലേക്ക് പുറപ്പെട്ടിരുന്നു.    

അന്ന് വൈകുന്നേരം ആരും കോട്ടയിലേക്ക് കുട്ടികളെ കളിക്കാൻ വിട്ടില്ല. അവിടെ പിശാചുണ്ടെന്ന് അവരെ പറഞ്ഞ് പിന്തിരിപ്പിച്ചു. പള്ളിയിൽ മഗ്‌രിബ് നിസ്കാരത്തിന് വന്നവർ അബുവിനെ കുറിച്ച് തന്നെ ചർച്ച ചെയ്തു. ഇതൊക്കെ കേട്ടറിഞ്ഞ മൂസക്ക ഒന്നും അറിയാത്ത മട്ടിൽ അക്കരെ നോക്കി പുഴക്കടവിലിരുന്ന് ഓരോന്ന് ചിന്തിച്ചു. ഇഷാ നമസ്കാരത്തിന് ശേഷം പള്ളി പരിസരത്ത് നിന്ന് എല്ലാവരും പിരിഞ്ഞ് പോയി. രാത്രിയുടെ ഏതോ യാമത്തിൽ ഞെട്ടിയുണർന്ന പള്ളി മുക്രി കോട്ടയിൽ നിന്നും കേട്ട ശബ്ദം ചെവി കൂർപ്പിച്ച് ശ്രദ്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേട്ട ഹിന്ദുസ്ഥാനി സംഗീതമായിരുന്നില്ല അത്. ഒരു സ്ത്രീയുടെ നിലവിളിയായിരുന്നു. പതുക്കെ പതുക്കെ ആ ശബ്ദം അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്ന് ഇല്ലാതെയായി. മുക്രി ഘടികാരത്തിൽ സമയം നോക്കി. സുബഹി ബാങ്ക് വിളിക്കാൻ ഇനിയും ഒരുപാട് നേരം ബാക്കിയുണ്ട്. വീണ്ടും കട്ടിലിലേക്ക് ചെരിഞ്ഞു. ഉറക്കം വരുന്നില്ല. ചില കാലനക്കം കേട്ട് ജനാല തുറന്ന് നോക്കി. നിലാ വെളിച്ചത്തിൽ അയാൾക്ക് ശരിക്കും കാണാമായിരുന്നു. ഒരു വൃദ്ധനും, യുവതിയും ക്ഷീണിതരായി തങ്ങളുടെ ഭാണ്ഡങ്ങൾ തോളിലാക്കി നിരാശാ ഭാരം ചുമന്ന് വയൽ വരമ്പിലൂടെ പയോട്ട ഭാഗത്തേക്ക് നടന്നു നീങ്ങുന്നു.  

ചന്ദ്രഗിരി പുഴയിൽ നിന്നും പുലരിയിലെ തണുത്ത കാറ്റ് ആഞ്ഞ് വീശുന്നു. അപ്പോൾ ഉച്ചത്തിൽ ചൂളം വിളിച്ച് കട കട ശബ്ദമുണ്ടാക്കി മംഗലാപുരത്ത് നിന്നും പുറപ്പെട്ട തീവണ്ടി ചന്ദ്രഗിരി പാലത്തിലൂടെ നീങ്ങുന്നു. പയോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കയറിയ യാത്രക്കാരെയും വഹിച്ച് ആ തീവണ്ടി ചന്ദ്രഗിരി തുരങ്കത്തിലേക്ക് പ്രവേശിച്ച് അതിൻറെ യാത്ര തുടരുന്നു.... 


(കഥയും കഥാപാത്രങ്ങളും എല്ലാം തികച്ചും സാങ്കല്പികം മാത്രം)

Comments

Popular posts from this blog

സൗമ്യനായ സീതു ഹാജി തായത്ത്

ബുഡാൻ സാഹിബിന്റെ മകൾ